കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പത്തും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മരണത്തിന് കാരണക്കാരനാണ് പ്രതി. പണവും സ്വാധീനവും ഉള്ളതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാല്‍ ജാമ്യം നല്കിയാല് ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങള്‍ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതിയെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചാല്‍ സമൂഹത്തില്‍ മറ്റ് നോബിമാര്‍ക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ഷൈനിയുടേയും പെണ്മക്കളുടേയും അത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ഇതാണ് കുട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റേറഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. "നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ടു മക്കളും ചാകണം എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ" എന്നാണ് നോബി ഫോണില്‍ ചോദിച്ചത് പ്രതി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു തലേദിവസം രാത്രി പത്തരയ്ക്കാണ് നോബി വാട്സാപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സുഹൃത്തിനോട് ഷൈനി പറഞ്ഞിരുന്നതായും സന്ദേശത്തിലുണ്ട്.

Comments: